നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ചുമ യഥാർത്ഥത്തിൽ ഒരു നല്ല കാര്യമാണ്. നമ്മുടെ ശ്വാസകോശത്തിലും ശ്വാസനാളികളിലുമൊക്കെ ഉണ്ടാകുന്ന രോഗാണുക്കളെയോ അല്ലെങ്കിൽ മറ്റ് അന്യപദാർത്ഥങ്ങളെയൊക്കെ പുറന്തള്ളാൻ വേണ്ടിയാണ് സാധാരണഗതിയിൽ ചുമയുണ്ടാവുന്നത്. പക്ഷേ ഈ കാരണങ്ങൾ അല്ലാതെയും ചുമയുണ്ടാവാം.
ചിലസമയങ്ങളിൽ വിട്ടുമാറാത്ത ചുമ നിങ്ങളുടെ ഉറക്കം വരെ കളഞ്ഞേക്കാം. വിട്ടുമാറാത്ത ചുമ നിങ്ങളെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ടോ? എന്നാൽ നിങ്ങൾ പേടിക്കേണ്ടണ്ട. ഇതിനു വേണ്ടി ധാരാളം പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്.
ചുമയുടെ കാരണങ്ങൾ
ചുമയ്ക്ക് നിരവധി കാരണങ്ങളുണ്ട്. അതിൽ സാധാരണ കാരണങ്ങൾ ഇവയാണ്:
- അലർജികൾ
- പുകവലി
- രാസ പുക
- സുഗന്ധദ്രവ്യങ്ങൾ, എയർ ഫ്രെഷനറുകൾ
- ജലദോഷം
- ഇൻഫ്ലുവൻസ
- ന്യുമോണിയ
- ആസ്ത്മ
- ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം
- സൈനസ് അണുബാധ
- പോസ്റ്റ്നാസൽ ഡ്രിപ്പ്
- അക്യൂട്ട് ബ്രോങ്കൈറ്റിസ്
ചുമയ്ക്കുള്ള ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ
കുരുമുളക്
കഫത്തോടു കൂടിയ ചുമയിൽ നിന്ന് ആശ്വാസം കിട്ടാന്‍ സഹായിക്കുന്ന ഏറ്റവും നല്ല വീട്ടു വൈദ്യങ്ങളിൽ ഒന്നാണ് കുരുമുളക്. ഇതിൻറ്റെ ഉഷ്ണ സ്വഭാവം കഫം നിറയുന്നത് ഒഴിവാക്കാൻ വളരെയധികം സഹായിക്കും ഭക്ഷണം കഴിച്ച ശേഷം അര ടീസ്‌പൂണ്‍ കുരുമുളക് നെയ്യില്‍ ചേര്‍ത്ത് കഴിക്കുക. മികച്ച ഫലത്തിന് വേണ്ടി എല്ലാ ദിവസവും 2 തവണ എങ്കിലും കഴിക്കുക.
മഞ്ഞൾ
മഞ്ഞളില്‍ കുർക്കുമിൻ എന്ന ഒരു പദാർഥം അടങ്ങിയിട്ടുണ്ട്. അതിന് വൈറസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ചുമ അകറ്റാൻ ദിവസം രണ്ടു നേരം അര ടീസ്‌പൂണ്‍ മഞ്ഞള്‍പൊടി ഒരു ഗ്ലാസ്സ് പാലിൽ ചേർത്ത് കുടിക്കുക. ഈ മിശ്രിതത്തിൽ ഒരല്പം വെളുത്തുള്ളി കൂടി വേണമെങ്കിൽ ചേർക്കാം. വെളുത്തുള്ളിക്ക് പകരം ഇഞ്ചി വേണമെങ്കിലും ഉപയോഗിക്കാം.
തേൻ
തൊണ്ടയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ മാറ്റാന്‍ തേന്‍ നല്ലതാണ്. ഇത് വ്യത്യസ്ത രീതിയില്‍ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ചൂടു പാലില്‍ തേന്‍ ചേര്‍ത്ത് ഉറങ്ങുന്നതിനുമുന്‍പ് കുടിക്കാം അല്ലെങ്കിൽ ചെറുനാരങ്ങ ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം. ദിവസവും 2 – 3 തവണ ഇത് കുടിച്ചാൽ ചുമ മാറി കിട്ടും.
ഇഞ്ചി
വിട്ടുമാറാത്ത ചുമ മാറ്റാന്‍ സഹായിക്കുന്ന മറ്റൊരു വീട്ടുമരുന്നാണ് ഇഞ്ചി. ഇത് ഉപ്പും ചേർത്ത് ചവച്ച് കഴിച്ചാൽ ചുമയിൽ നിന്ന് ആശ്വാസം ലഭിക്കും. ഇഞ്ചി ഔഷധ ചായയുടെ രൂപത്തിൽ ആക്കി കുടിക്കുന്നതും നല്ലതാണ്.
ഉപ്പുവെള്ളം കൊള്ളുക
തൊണ്ടവേദനയും ചുമയും ചികിത്സിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണിത്. ഉപ്പുവെള്ളം തൊണ്ടയുടെ പിൻഭാഗത്ത് അടങ്ങിയിട്ടുള്ള കഫവും മ്യൂക്കസും കുറയ്ക്കാൻ സഹായിക്കുന്നു.
അര ടീസ്പൂൺ ഉപ്പ് ചെറിയ കപ്പ് ചൂട് വെള്ളത്തിൽ അലിഞ്ഞുപോകുന്നതുവരെ ഇളക്കുക. ശേഷം തൊണ്ടയിൽ കൊള്ളുക. ഈ മിശ്രിതം തുപ്പുന്നതിന് മുമ്പ് തൊണ്ടയുടെ പിൻഭാഗത്ത് കുറച്ച് നിമിഷം ഇരിക്കാൻ അനുവദിക്കുക. തൊണ്ടക്ക് അസ്വസ്ഥതയുള്ള സമയത്ത് ദിവസവും 3 – 4 തവണയെങ്കിലും ഇത് ചെയ്യുന്നത് ഉത്തമമായിരിക്കും.
ആവി പിടിക്കുക
വിട്ടു മാറാത്ത ചുമയുള്ള സമയത്ത് ആവി പിടിക്കുന്നത് നല്ലൊരു പ്രതിവിധിയാണ്. വെള്ളം തിളപ്പിച്ച് ഒരു പാത്രത്തിൽ ഒഴിക്കുക. ശേഷം തുളസി ഇലയോ മറ്റോ അതിൽ ഇട്ടിട്ട് തിളപ്പിച്ചിട്ട് ആവിപിടിക്കുക. നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ ഏത് സമയത്തും നിർത്തുക. ആസ്ത്മ മൂലമുള്ള ചുമയാണെങ്കിൽ ഇത് ചെയ്യരുത്, കാരണം നീരാവി ലക്ഷണങ്ങളെ വഷളാക്കും.
ചൂട് വെള്ളം കുടിക്കുക
ചൂടുവെള്ളം ചുമയ്ക്ക് നല്ലൊരു പരിഹാരമാണ്. ഇത് തൊണ്ടയ്ക്ക് നല്ല ആശ്വാസം നല്‍കും. മനുഷ്യ ശരീരത്തിൽ പ്രധിരോധ ശക്തി കുറവായതിനാലാണ് അവർ മിക്യ അസുഖങ്ങൾക്ക് അടിമയാകപ്പെടുന്നത്. പ്രധിരോധ ശക്തി കൂട്ടാൻ ഔഷധ ചായകള്‍ കുടിക്കുന്നതും ഉത്തമമാണ്.
ചുമ തടയുന്നതിന് ജീവിത ശൈലിയിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ
- ചുമയെ എങ്ങനെ ചികിത്സിക്കണം എന്ന് മനസ്സിലാക്കുന്നതിനോടൊപ്പം അവയെ എങ്ങനെ തടയാമെന്ന് പഠിക്കണം.
- രോഗമുള്ളവരായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് അസുഖമുണ്ടെങ്കിൽ ജോലിയിലേക്കോ സ്കൂളിലേക്കോ പോകുന്നത് ഒഴിവാക്കുക.
- ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുക. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
- കൈകൾ ഇടയ്ക്കിടെ കഴുകുക, പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുൻപ്, ബാത്ത്റൂമിൽ പോയി വന്ന ശേഷം, അല്ലെങ്കിൽ രോഗിയായ ഒരാളെ പരിചരിച്ചതിനു ശേഷം.
- നിങ്ങൾ താമസിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക.
ചുമ നിങ്ങളുടെ ശ്വസിക്കാനുള്ള കഴിവിനെ ബാധിക്കുന്നുണ്ടെന്ന് തോന്നിയാൽ അല്ലെങ്കിൽ നിങ്ങൾ രക്തം ചുമക്കുകയാണെങ്കിലോ ഉടൻ തന്നെ ഡോക്ടറിൻറ്റെ സഹായം തേടുക.
വീട്ടിൽ നിന്ന് പുറത്ത് പോകാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ വീട്ടിൽ ഇരുന്ന് തന്നെ ഓൺലൈനിൽ കൂടി ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.