ഗർഭം ധരിക്കാനുള്ള ബുദ്ധിമുട്ടിനെയാണ് വന്ധ്യത എന്ന് പറയുന്നത്. വന്ധ്യത സംബന്ധിച്ചുള്ള പ്രശ്നങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും സംഭവിക്കാം. ഇതിന് പല കാരണങ്ങളുണ്ട്.
ഒരു വർഷമോ അതിൽ കൂടുതലോ ശ്രമിച്ചതിന് ശേഷം നിങ്ങൾ ഗർഭിണിയായില്ലെങ്കിലോ ഒന്നിലധികം ഗർഭം അലസലുകൾ ഉണ്ടെങ്കിലോ നിങ്ങൾക്ക് സാധാരണയായി വന്ധ്യത ഉണ്ടെന്ന് കണ്ടെത്താനാകും.വന്ധ്യതയ്ക്ക് പലതരം ചികിത്സകളുണ്ട്.
വന്ധ്യതയ്ക്കുള്ള കാരണങ്ങൾ
ബീജത്തിൻറ്റെ ചലനശേഷിക്കുറവ്, സ്ഖലനപ്രശ്നങ്ങൾ, വെരിക്കോസ് വെയിൻ, പ്രമേഹം, ഹോർമോൺ വ്യതിയാനം, അമിതമായ ചൂട് തുടങ്ങിയവയാണ് പുരുഷന്മാരിലെ വന്ധ്യതയ്ക്കുള്ള കാരണങ്ങൾ.
സ്ത്രീകളിൽ ക്രമം തെറ്റിയ ആർത്തവം, പോളി സിസ്റ്റിക്ക് ഓവറി ഡിസീസ്, പ്രായക്കൂടുതൽ, ഗർഭപാത്രത്തിൽ ജന്മനാ ഉള്ള പ്രശ്നങ്ങൾ, എൻഡോമെട്രിയോസിസ് തുടങ്ങിയവയൊക്കെ വന്ധ്യതയ്ക്ക് കാരണമായേക്കാം.
നിങ്ങൾക്ക് വന്ധ്യത ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതെല്ലാം?
വന്ധ്യത നിങ്ങളെ മാനസികമായി തളർത്തിയേക്കാം. അത്തരമൊരു സാഹചര്യത്തിൽ ദമ്പതികൾ തമ്മിൽ പരസ്‌പര പിന്തുണയാണ് ഏറ്റവും അത്യാവശ്യം. ഈ അവസ്ഥയിൽ നിങ്ങൾ മനസ്സിലാക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതെന്തെല്ലാമാണെന്ന് വായിച്ച് നോക്കു:
നിരാശ തോന്നാതിരിക്കുക
നിങ്ങൾക്ക് വന്ധ്യതയുടെ അവസ്ഥ ഉണ്ടെങ്കിൽ ഒരിക്കലും നിരാശപ്പെടാതിരിക്കുക. ഓർത്തിരിക്കുക, നിങ്ങൾക്ക് ഗർഭം ധരിക്കാൻ കഴിയുന്നില്ലെങ്കിൽ, ഒരു ഭ്രൂണ ദാതാവിനെയോ, മുട്ട ദാതാവിനെയോ, ബീജ ദാതാവിനെയോ ഉപയോഗിക്കാം.
ഇവ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾക്ക് ഒരു കുഞ്ഞിനെ ദെത്തെടുക്കാവുന്നതാണ്. ഈ പറഞ്ഞതൊന്നും പറ്റില്ലെങ്കിൽ മനസ്സിലാക്കുക കുട്ടികളില്ലാതെ സന്തോഷത്തോടെ, സാധാരണ ജീവിതം നയിക്കാനും സാധിക്കും.
സ്വയം കുറ്റപ്പെടുത്താതിരിക്കുക
കല്യാണം കഴിഞ്ഞിട്ട് വർഷങ്ങൾക്ക് ശേഷവും കുട്ടികളുണ്ടായില്ലെങ്കിൽ സ്വയം കുറ്റപ്പെടുത്തുന്ന ഒരുപാടുപേരുണ്ട്. ഇങ്ങനെ സ്വന്തമായി ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് നിങ്ങളെ കൂടുതൽ അസ്വസ്ഥരാക്കും. അങ്ങനെ ഒരിക്കലും ചെയ്യരുത്. കാരണം ഇത് ആർക്കും പ്രവചിക്കാനാവാത്ത ഒരു കാര്യമാണ്. നിങ്ങൾ ആത്മവിശ്വാസം കൈവിടരുത്.
മനസിലാക്കുക, വന്ധ്യതയ്ക്ക് ധാരാളം ചികിത്സകളുണ്ട്. ഒരു ഡോക്ടറിനോട് സംസാരിച്ച് നിങ്ങൾക്ക് ആവശ്യമായ ചികിത്സ വൈകാതെ തുടങ്ങുക.
മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്
വന്ധ്യത നേരിടുമ്പോൾ മിക്യവരും ചെയ്യുന്ന ഏറ്റവും മോശകരമായ ഒരു കാര്യമാണ് താരതമ്യപ്പെടുത്തൽ. ചിലവർ ആദ്യപരീക്ഷണത്തിൽ തന്നെ ഗർഭിണിയായേക്കാം, മറ്റുള്ളവർക്ക് കുറച്ച് കൂടുതൽ സമയം വേണ്ടി വരും.
ചിലവർ ധാരാളം ചികിത്സകളൊക്കെ ചെയ്തശേഷമായിരിക്കും ഗർഭിണിയാകുന്നത്. ഓർക്കുക, എല്ലാവരുടെയും ശരീരം പ്രവർത്തിക്കുന്നത് ഒരുപോലെയല്ല അതിനാൽ മറ്റുള്ളവരുമായി ഒരിക്കലും താരതമ്യം ചെയ്യരുത്.
ചികിത്സ തേടുക
ഒരുവർഷത്തോളം ശാരീരിക ബന്ധം തുടർന്നശേഷവും കുഞ്ഞുണ്ടായില്ലെങ്കിൽ ഡോക്ടറിനെ കാണുക. വന്ധ്യതയ്ക്ക് ധാരാളം പരിഹാരങ്ങളുണ്ട്. നിങ്ങളുടെ ഡോക്ടറിൻറ്റെ സഹായത്തോടുകൂടി നിങ്ങൾക്ക് പറ്റിയ മികച്ച ചികിത്സ തിരഞ്ഞെടുക്കുക.
ഓൺലൈനിൽ കൂടിയും നിങ്ങൾക്ക് ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്. ചികിത്സ തേടുന്ന സമയത്ത് ഭാര്യയും ഭർത്താവും ഒരുമിച്ച് തന്നെ പോകുന്നതാണ് ഏറ്റവും ഉത്തമം.
വന്ധ്യതയുടെ പരിഹാരങ്ങൾ
വന്ധ്യത ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ പോകുമ്പോൾ രക്തപരിശോധന, ഹോർമോൺ പരിശോധന, ഓവുലേഷൻ സ്കാനിംഗ് തുടങ്ങിയവയൊക്കെയാണ് സ്ത്രീകളിൽ ആദ്യം ചെയ്യുന്നത്.
എന്നാൽ പുരുഷന്മാരിൽ ബീജപരിശോധനയാണ് മുഖ്യം. ഇതെല്ലാം കഴിഞ്ഞതിന് ശേഷമാണ് നിങ്ങൾക്ക് അനുയോജ്യമായ ചികിത്സാരീതി ഏതാണെന്ന് ഡോക്ടർ പറഞ്ഞുതരുന്നത്.
സ്ത്രീകളിലെ ചികിത്സകൾ
ഫെർട്ടിലിറ്റി മരുന്നുകൾ
ഇൻട്രാ യൂട്ടറയിൻ ഇൻസെമിനേഷൻ
സർജറി
ഇൻവിട്രോ ഫെർട്ടിലൈസേഷൻ
ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്‌പേർമ് ഇൻജെക്ഷൻ
പുരുഷന്മാരിലെ ചികിത്സകൾ
സർജറി
ജീവിതശൈലീലയിലെ മാറ്റങ്ങൾ
ഫെർട്ടിലിറ്റി മരുന്നുകൾ
സ്‌പേർമ് റിട്രീവൽ
ഗർഭ സാധ്യത കൂട്ടാൻ നിങ്ങളുടെ ഭക്ഷണ രീതികളിലും ജീവിതശൈലിയിലും ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടത്. ഓർക്കുക, നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും പങ്കാളിയോട് തുറന്ന് പറയുക. വന്ധ്യത നിങ്ങളെ മാനസ്സികമായി തളർത്തുവാണെന്ന് തോന്നിയാൽ ഡോക്ടറിനോട് സംസാരിക്കുക.